അറയ്ക്കൽ കുടുംബത്തിന്റെ രണ്ടു ശാഖകളിലൊന്നായ കരോട്ടറയ്ക്കൽ കുടുംബത്തിലെ ഒരു കാരണവർ പയപ്പാർ കരയിൽ നിന്നും അന്തീനാട്ടിലുള്ള പാമ്പയ്ക്കൽ പുരയിടം വാങ്ങി അവിടെ മാറി താമസിച്ചു. അങ്ങനെ കരോട്ടറയ്ക്കൽ കുടുംബത്തിന്റെ ഒരു ശാഖയായി പാമ്പയ്ക്കൽ കുടുംബം ഉടലെടുത്തു. ആ കാരണവരുടെ പേർ ആഗസ്തി. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മറിയം എന്നായിരുന്നു. ആഗസ്തി മറിയം ദമ്പതികൾക്ക് ദൈവം നൽകിയ സന്താനങ്ങളാണ് മത്തായി, ചാക്കോ, തൊമ്മൻ, കുര്യൻ, റോസ, ഏലി, അന്ന എന്നിവർ. ആഗസ്തിമറിയം ദമ്പതികളുടെ നാല് ആൺമക്കളാണ്പാമ്പയ്ക്കൽ കുടുംബത്തിന്റെ നാല് മൂലശാഖകളുടെ കാരണവന്മാർ.
ആൺമക്കളിൽ മൂത്തയാളായ മത്തായിയും രണ്ടാമത്തേയാളായ ചാക്കോയും പയ്യപ്പാറ്റിൽ ഇളന്തോട്ടം പുരയിടത്തിലേക്ക് മാറിത്താമസിച്ചു. ഇളന്തോട്ടം പുരയിടത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മത്തായിയും കിഴക്കേഭാഗത്ത് ചാക്കോയും താമസമാക്കിയതിനാൽ മത്തായിയുടെ കുടുംബം പടിഞ്ഞാറേ ഇളംതോട്ടത്തിൽ എന്നും ചാക്കോയുടെ കുടുംബം കിഴക്കേ ഇളംതോട്ടത്തിൽ എന്നും അറിയപ്പെട്ടുപോന്നു. മൂന്നാമത്തെ മകൻ തൊമ്മൻ ഏഴാച്ചേരിയിൽ കൊച്ചുപറമ്പിൽ പുരയിടത്തിലേക്ക് മാറിത്താമസിച്ചു. അദ്ദേഹത്തിൻറ കുടുംബം കൊച്ചുപറമ്പിൽ എന്നും അറിയപ്പെട്ടു. ഇളയമകൻ കുര്യൻ അന്തീനാട്ടിൽ തറവാട്ടിൽ തന്നെ താമസിച്ചു. അങ്ങനെ പാമ്പയ്ക്കൽ കുടുംബത്തിന്റെ മുഖ്യശാഖകളായി നാലു കുടുംബങ്ങൾ ആവിർഭവിച്ചു.